തളിരിലയൊരു നാൾ മുറിഞ്ഞകലാനായ
പഴുത്ത ഇലയോടു പറഞ്ഞു
"നീ എന്തിനിങ്ങനെ കടിച്ചുതൂങ്ങണം
നിൻ്റെ യാത്ര കഴിഞ്ഞതല്ലേ...? "
കേട്ടപ്പോൾ ഒരു പുഞ്ചിരി മാത്രമായിരുന്നു മറുപടി.
ഇളം തെന്നൽ അന്നവളെ ദയനീയമായി നോക്കി,
പിന്നെ ഒന്നാഞ്ഞു വീശി
അവസാന ശ്വാസവും പേറി
ആ ഇല മണ്ണിലേക്ക് പതിച്ചു.
ഇത് കണ്ട് തളിരില അട്ടഹസിച്ചു.
കൗമാരത്തിൻ്റെ ഹുങ്കാരമോർത്താവണം
ഇല ഒന്നും പറഞ്ഞില്ല; ഇനി എന്നേക്കും
മരത്തിൻ്റെ വേരിറങ്ങിയ മണ്ണിൽ ഊർന്നിറങ്ങി പ്രണയത്തിൻ്റെ അത്യുന്നതിയിൽ മയങ്ങുമെന്ന തിരിച്ചറിവിൽ വീണ്ടുമൊന്ന്,
അവസാനമായി പുഞ്ചിരിച്ചു.
വേദനയുടെയും സന്തോഷത്തിൻ്റേയും
നിർവൃതിയുടെയും അടയാളം.
🖤ആമി🖤
No comments:
Post a Comment