Wednesday, June 14, 2023

കൊടിയേറ്റം

                              കൊടിയേറ്റം


പഠന നേട്ടങ്ങൾ


  • സിനിമയുടെ ആദ്യകാല ചരിത്രത്തെക്കുറിച്ചുള്ള ധാരണകൾ.

  • അടൂർ ഗോപാലക്യഷ്ണനെക്കുറിച്ച് മനസ്സിലാക്കുന്നു.

  • ചലച്ചിത്രത്തിൻ്റെയും തിരക്കഥയുടെയും ആഖ്യാനശൈലിയെക്കുറിച്ചുള്ള ധാരണകൾ.

  • തിരക്കഥ എന്താണ് എന്ന് മനസ്സിലാക്കുന്നു.


ആമുഖം


മലയാള സിനിമയിലെ പ്രതിഭാശാലിയായ സംവിധായകനാണ് അടൂർ ഗോപാലകൃഷ്ണൻ.ഇദ്ദേഹം സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ എല്ലാം തന്നെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

അദ്ദേഹം രചനയും സംവിധാനവും നിർവ്വഹിച്ച് 1978-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ്‌ കൊടിയേറ്റം.

അടൂരിന്റെ സ്വയംവരത്തിനു മുൻപുവരെ സിനിമകൾ എത്രതന്നെ ഉദാത്തമായിരുന്നാലും അവ വാണിജ്യ വശത്തിന് ഒരുപാട് പ്രാധാന്യം കൊടുത്തിരുന്നു. ഗാന നൃത്ത രംഗങ്ങളില്ലാത്ത സിനിമകൾ ചിന്തിക്കുവാൻ പോലുമാവാത്ത ഒരു കാലഘട്ടത്തിലാണ് സ്വയംവരത്തിന്റെ രംഗപ്രവേശം. ജനകീയ സിനിമകളുടെ നേരെ മുഖം തിരിച്ച ‘സ്വയംവര‘ത്തെ സാധാരണ സിനിമാ പ്രേക്ഷകർ ഒട്ടോരു ചുളിഞ്ഞ നെറ്റിയോടെയും തെല്ലൊരമ്പരപ്പോടെയുമാണ് സ്വീകരിച്ചത്. ഒരു ചെറിയ വിഭാഗം ജനങ്ങൾ മാത്രം ഈ പുതിയ രീതിയെ സഹർഷം എതിരേറ്റു.

അടൂരിന്റെ ചലച്ചിത്രങ്ങൾ:

സ്വയംവരം (1972) - (സംവിധാനം), കഥ, തിരക്കഥ (കെ.പി.കുമാരനുമൊത്ത് രചിച്ചു).കൊടിയേറ്റം (1977) - കഥ, തിരക്കഥ, സംവിധാനം, എലിപ്പത്തായം (1981) - കഥ, തിരക്കഥ, സംവിധാനം, മുഖാമുഖം (1984) - കഥ, തിരക്കഥ, സംവിധാനം,

അനന്തരം (1987‌‌) - കഥ, തിരക്കഥ, സംവിധാനം,മതിലുകൾ (1989) - തിരക്കഥ, സംവിധാനം,വിധേയൻ (1993) - തിരക്കഥ, സംവിധാനം,കഥാപുരുഷൻ (1995) - കഥ, തിരക്കഥ, സംവിധാനം,നിഴൽക്കുത്ത് (2003) - കഥ, തിരക്കഥ, സംവിധാനം, നാല്‌ പെണ്ണുങ്ങൾ (2007) - തിരക്കഥ, സംവിധാനം, ഒരു പെണ്ണും രണ്ടാണും (2008) - തിരക്കഥ, സംവിധാനം, പിന്നെയും (2016) - തിരക്കഥ, സംവിധാനം.



സിനിമയുടെ ചരിത്രം


ഇരുപതാം നൂറ്റാണ്ടിന്റെ പിറവിയോടെ ഇന്ത്യയിലെ പ്രധാന പട്ടണങ്ങളിലെല്ലാം ചലച്ചിത്രപ്രദർശനങ്ങൾ ആരംഭിച്ചു. 1906-ൽ കോയമ്പത്തൂരിലെ പോൾ വിൻസന്റ് എന്ന റെയിൽവേ ഉദ്യോഗസ്ഥനാണ് കേരളത്തിലെ ആദ്യ പ്രദർശനം നടത്തിയത്.

1928 നവംബർ 7-നാണ് മലയാളത്തിലെ ആദ്യ (നിശ്ശബ്ദ) ചിത്രമായ വിഗതകുമാരൻ പുറത്തിറങ്ങിയത്. ചലച്ചിത്രം എന്ന പേര് സൂചിപ്പിക്കുന്നതു പോലെ ചലിക്കുന്ന കുറെ ചിത്രങ്ങൾ, അതായിരുന്നു വിഗതകുമാരൻ. അഗസ്തീശ്വരത്ത് ജനിച്ച ജോസഫ് ചെല്ലയ്യ ഡാനിയേൽ എന്ന ജെ.സി. ഡാനിയേൽ എന്ന വ്യവസായ പ്രമുഖനായിരുന്നു വിഗതകുമാരന്റെ സംവിധായകനും നിർമ്മാതാവും.

മലയാളത്തിലെ രണ്ടാമത്തെയും അവസാനത്തേതുമായ നിശ്ശബ്ദചിത്രം 1931-ൽ പ്രദർശനത്തിനെത്തിയ മാർത്താണ്ഡവർമ്മയാണ്. സി.വി. രാമൻ പിള്ളയുടെ മാർത്താണ്ഡവർമ്മ എന്ന ചരിത്ര നോവലിനെ അടിസ്ഥാനമാക്കി മദിരാശിക്കാരനായ പി.വി. റാവു ആണ് ചിത്രം സംവിധാനം ചെയ്തത്.


എന്താണ് തിരക്കഥ


തിരക്കഥയെന്ന വാക്കിൻ്റെ അർത്ഥം തിരശ്ശീലയിൽ തെളിയിക്കേണ്ട ചിത്രങ്ങൾക്കു വേണ്ടി തയ്യാറാക്കുന്ന കഥയെന്നാണ്.ഒരു കഥയെ ചിത്രങ്ങളുടെ സഹായത്തോടെ പറയുന്നതാണ് തിരക്കഥ.സിനിമയുടെ സൃഷ്ടിക്കായി ഒരു കഥയെ അല്ലെങ്കിൽ ഒന്നിലധികം കഥകളെ കൃത്യമായി സീനുകൾ തിരിച്ച് സവിശേഷമായ രീതിയിൽ അവതരിപ്പിക്കുന്ന കഥയുടെ ശൈലിക്കനുസരിച്ച് ശബ്ദ സൂചനകളും ദൃശ്യ സൂചനകളും ചേർത്ത് പരസ്പരഘടിതമായ സംഭാഷണങ്ങൾ കൂട്ടിയിണക്കി സംഘടിത സ്വഭാവത്തോടെ രൂപങ്ങൾ കൊണ്ട് (ഇമേജ് ) തയാറാക്കുന്ന രേഖയാണ് തിരക്കഥ.


പാഠ സംഗ്രഹം


ശങ്കരൻ‍ കുട്ടി (ഭരത്ഗോപി) യുടെ മനസ്സുനിറയെ നന്മയാണ്. അയാളുടെ അച്ഛനും അമ്മയും ജീവിച്ചിരിപ്പില്ല. ഓരേയൊരു സഹോദരി സരോജിന് (വിലാസിനി) തിരുവനന്തപുരത്ത് വീട്ടുജോലി ചെയ്യുന്നു. നാട്ടുകാർക്ക് ഉപകാരമായി നടന്ന ശങ്കരൻകുട്ടി ശാന്തമ്മയെ (ലളിത) കല്യാണം കഴിക്കുന്നു. ഭർത്താവ് എന്ന നിലയിൽ പക്വത ഇല്ലാത്ത പെരുമാറ്റങ്ങൾ. ഭാര്യയെ വീട്ടിൽ തനിച്ചാക്കിയിട്ട് ദിവസങ്ങളോളം ഊരുചുറ്റുകൾ.. ഉത്സവങ്ങൾ..ഗർഭിണിയായ ശാന്തമ്മയെ അവളുടെ അമ്മ ഭവാനിയമ്മ (അടുർ ഭവാനി) വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. അന്വേഷിച്ചുചെന്ന ശങ്കരൻ കുട്ടിയെ അവർ അപമാനിച്ചുപറഞ്ഞുവിട്ടു. പിന്നീട് ആനപാപ്പാനാവാനും ലോറി ഡ്രൈവറാകാനും അയാൾ ശ്രമിക്കുന്നു. ഒടുവിൽ ഒന്നരവർഷത്തിനുശേഷം ഭാര്യവീട്ടിൽ ചെന്ന് ഭാര്യയേയും കുട്ടിയേയും കാണുന്ന ശങ്കരൻകുട്ടിയിൽ സിനിമ തീരുന്നു.


സിനിമയെക്കുറിച്ച് നിലവിലിരിക്കുന്ന ധാരണകളെ തകർക്കുന്ന സിനിമയാണിത്.ഒരു സിനിമയിൽ അത്യാവശ്യമെന്ന് നാം കരുതുന്നതൊന്നും ഈ ചലച്ചിത്രത്തിൽ ഇല്ല. നാടകീയ മുഹുർത്തങ്ങൾ, ക്രമമായി വികസിക്കുന്ന കഥ, സെൻറിമെൻറലിസം ഇവയൊന്നും ഈ ചലച്ചിത്രത്തിൽ ഇല്ല. എങ്കിലും ചിത്രത്തിൽ ഉടനീളം പച്ചയായ ജീവിതത്തിന്റെ തുടിപ്പുകളുണ്ട്.


പാഠഭാഗത്തിൻ്റെ പി.പി.ടി അവതരണത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക


പാഠഭാഗ വിശകലനം


മലയാളം പരീക്ഷ

Saturday, March 18, 2023

മാറ്റ്

 ഓർമ്മകൾക്കൊക്കെയും 

മാറ്റ് കുറഞ്ഞിരിക്കുന്നു...,

നെടുനീളൻ തീവണ്ടി കണക്കേ 

അലമുറയിട്ട് വളഞ്ഞ് 

തിരിഞ്ഞു പായുമ്പോൾ 

തേയ്മാനത്തിനും 

സ്ഥാനമുണ്ടെന്ന 

ഓർമ്മപ്പെടുത്തലാവതെയും വയ്യ.




🖤ആമി🖤

Friday, March 17, 2023

പുഞ്ചിരി


തളിരിലയൊരു നാൾ മുറിഞ്ഞകലാനായ 

പഴുത്ത ഇലയോടു പറഞ്ഞു 

"നീ എന്തിനിങ്ങനെ കടിച്ചുതൂങ്ങണം 

നിൻ്റെ യാത്ര കഴിഞ്ഞതല്ലേ...? "

കേട്ടപ്പോൾ ഒരു പുഞ്ചിരി മാത്രമായിരുന്നു മറുപടി.

ഇളം തെന്നൽ അന്നവളെ ദയനീയമായി നോക്കി, 

പിന്നെ ഒന്നാഞ്ഞു വീശി 

അവസാന ശ്വാസവും പേറി 

ആ ഇല മണ്ണിലേക്ക് പതിച്ചു. 

ഇത് കണ്ട് തളിരില അട്ടഹസിച്ചു.

കൗമാരത്തിൻ്റെ ഹുങ്കാരമോർത്താവണം 

ഇല ഒന്നും പറഞ്ഞില്ല; ഇനി എന്നേക്കും 

മരത്തിൻ്റെ വേരിറങ്ങിയ മണ്ണിൽ ഊർന്നിറങ്ങി പ്രണയത്തിൻ്റെ അത്യുന്നതിയിൽ മയങ്ങുമെന്ന തിരിച്ചറിവിൽ വീണ്ടുമൊന്ന്, 

അവസാനമായി പുഞ്ചിരിച്ചു. 

വേദനയുടെയും സന്തോഷത്തിൻ്റേയും 

നിർവൃതിയുടെയും അടയാളം.


🖤ആമി🖤